വെക്കേഷനു നാട്ടില്‍ വന്നിട്ട് ഒന്നു കറങ്ങാന്‍ പോയില്ലെങ്കിലെന്തു രസം? അതുകൊണ്ടു തന്നെ ഒരു വന്‍ വയനാടു യാത്ര മനസ്സില്‍ അതിഭീകരമായി പ്ലാന്‍ ചെയ്തുകൊണ്ടാ‍ണു ഇത്തവണ നാട്ടില്‍ വന്നത്

പക്ഷേ, കേരളം കാണണമെങ്കില്‍ നല്ല മഴപെയ്തു തോരണം. പൊടിയെല്ലാമൊതുങ്ങി, ഇലകളെല്ലാം വൃത്തിയായി, നിഴലില്ലാതെ, നിറങ്ങളെല്ലാം നല്ല വെടിപ്പോടെ നില്‍ക്കുന്ന ആ ഒരു സ്റ്റൈലന്‍ ഫീലുണ്ടല്ലോ... അതാണു മനസ്സില്‍ ഇത്രയും നാള് ഇട്ട് ഉരുട്ടി ഉരുട്ടി നല്ല നെല്ലിക്കാ പരുവത്തിലാക്കി കൊണ്ടുവന്നത്.

പക്ഷേ മേയ് മാസം കേരളത്തില്‍ വേനല്‍ക്കാലമാണത്രേ... (ഹി ഹി.. അതറിയാതെയല്ല, എന്നിരുന്നാലും, ഒരു വേനല്‍ മഴയെങ്കിലും...) അതു കള... ചൂടെങ്കില്‍ ചൂട്, ഒന്നു കറങ്ങിയിട്ടു തന്നെ കാര്യം ഞാന്‍ വയനാട്ടേക്കു വച്ചടിച്ചു.

രഞ്ജിത്തുമൊത്ത് - എന്റെ വയനാടന്‍ കൂട്ടുകാരന്‍, അവന്റെ കെയറോഫിലാണ് ഈ ഓസു യാത്ര. - കോഴിക്കോടുനിന്നും മാനന്തവാടി ബസ്സില്‍ കയറിയപ്പൊഴേ മണി ആറര!! കോഴിക്കോടു പി എസ് സി ടെസ്റ്റെഴുതാന്‍ വന്ന സകലമാന ജനങ്ങളെയും കയറ്റി ആന വണ്ടി ഞരങ്ങി ഞരങ്ങി നീങ്ങി.

താമരശ്ശേരി “ചൊരം” കയറാന്‍ തുടങ്ങിയപ്പോഴേക്കും നേരം ഇരുട്ടി, ആകെ മൊത്തം ടോട്ടല്‍ ഇരുട്ട്. പിന്നെ ഒന്നുറങ്ങിയെണീറ്റപ്പോഴാണ് ആ സുന്ദര സുരഭില പുളകിതമായ കാ‍ഴ്ച ;) കണ്ണില്‍ പെട്ടത്. ചുരത്തിന്റെ അങ്ങുമുകളില്‍ ഹെയര്‍ പിന്‍ വളവുകള്‍ തിരിയുന്ന വണ്ടികളുടെ ഹെഡ്‌ലൈറ്റുകള്‍ അവിടത്തെ കോടമഞ്ഞില്‍ തട്ടി തിളങ്ങുന്നു. പ്രകാശത്തൂണുകള്‍ മുകളില്‍ നിന്നാരോ തട്ടി മറിച്ചിടുന്ന പോലെ... കൊള്ളാം ഞാന്‍ ഒന്നു കൂടി ഉറങ്ങി.

പത്തുമണിയോടെ “തോണിച്ചാല്‍” സ്റ്റോപ്പില്‍ ഇറങ്ങി. ഇടവഴിയിലൂടെ രഞ്ജിത്തിന്റെ വീട്ടിലേക്കു വച്ചടിച്ചു. ഞങ്ങളുടെ മൊബൈല്‍ ഫോണുകളുടെ അരണ്ട വെളിച്ചത്തില്‍ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് പതുക്കെ തപ്പിത്തടഞ്ഞു നടക്കുകയായിരുന്നു ഞങ്ങള്‍ (മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിനു മൂര്‍ച്ച കുറവായിരുന്നു... ഇരുട്ട് അത്ര പെട്ടെന്നു മുറിഞ്ഞില്ല!) നല്ല കറുകറുത്ത ആ‍കാശം മുഴുവന്‍ തിളങ്ങിനില്‍ക്കുന്ന നക്ഷത്രങ്ങള്‍. നല്ല ഒന്നാന്തരം കാഴ്ച! നഗരത്തിലെ ലൈറ്റുകളാല്‍ മായ്ക്കപ്പെട്ട് ഒരു മാതിരി ചാരനിറത്തിലായ ആകാശമേ കുറേക്കാലമായി നമുക്കു പരിചയമുള്ളൂ. അതിനിടയില്‍ ഇങ്ങനെയൊരു കാഴ്ച മനം കുളിര്‍പിച്ചു.

പത്തരയോടെ വീട്ടിലെത്തി, അച്ഛനും അമ്മയും ഉറങ്ങിയിരുന്നില്ല. നല്ല നാടന്‍ ബിരിയാണിയും വച്ച് ഞങ്ങളെ കാത്തിരിപ്പയിരുന്നു. പക്ഷേ, ആദ്യം കാപ്പി. ആഹഹഹ!! ഉശിരന്‍ കാപ്പി! സ്വന്തം പറമ്പില്‍ വിളഞ്ഞ കാപ്പിക്കുരു വറുത്തുപൊടിച്ചുണ്ടാക്കിയ ആ കാപ്പികൂട്ടിയുള്ള ബിരിയാണിതീറ്റ!!! കിടിലന്‍ .. ഉള്‍ക്കിടിലന്‍!

പിന്നെ സുഖശീതളമായ ഉറക്കം! നല്ല തണുപ്പ് (ഓര്‍ക്കണം, ഇതു വേനല്‍ക്കാലത്തിന്റെ ഉച്ചകോടിയാണ്, ഒരു വേനല്‍ മഴപോലും കിട്ടാതെ ഭൂമി പഴുത്തു നില്‍ക്കുന്ന സമയം. എന്നിട്ടും ഇവിടെ രാത്രിക്കു തണുപ്പാണ്. അതാണു വയനാട്.) പുതച്ചുമൂടി കിടന്നുറങ്ങി.

സുപ്രഭാതം പൊട്ടിവിടര്‍ന്നു! ഉമിക്കരിയും ഉപ്പും ചേര്‍ത്ത് നല്ല സ്റ്റൈലന്‍ പല്ലുതേപ്പ്. വയലിലൂടെ ഒരു ഉലാത്തല്‍. പിന്നെ കാപ്പി. സ്വന്തം പറമ്പില്‍ വിളഞ്ഞ കാപ്പിക്കുരു വറുത്തുപൊടിച്ചുണ്ടാക്കിയ അതേ കാപ്പി ഹി ഹി.
പിന്നെ വയനാടന്‍ പത്തിരിയും, ഇറച്ചിയും. ദോശ, കപ്പ മുതലായ ഹോം മേഡ് സ്പെഷലുകള്‍ വേറെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിത്രം കാണുക! എല്ലാത്തിനും മീതെ ഒരു ദഹനസ്പെഷ്യല്‍: മാങ്ങാ പച്ചടി. നല്ല മുത്തിക്കുടിയന്‍ മാങ്ങ മോരും മുളകും മറ്റു സാധന സാമഗ്രികളുമെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ ഒരുഗ്രന്‍ സംഭവം.